Thursday, 12 February 2026

നോവ്

പുലരിയിലെന്നും എൻ കൂടെ ഉണർന്ന്
എന്റെ മെയ് തഴുകി, വിലോലയായ്
മൃദുചുംബനങ്ങളാൽ എന്നെ വിലയിച്ചും,
എന്നിലണഞ്ഞും അലിഞ്ഞും, അവൾ...

അരികിലായ് നിന്നെൻ്റെ ചെയ്തികളെ നോക്കിയും
പ്രിയമില്ലെന്നാകിലോ ചെറുന്നുള്ളുകൾ നൽകിയും
അരുതെന്നു തോന്നിയാൽ താഡനമേകിയും
മധുരമാം സ്നേഹത്താൽ പുണരുന്നു, അവൾ...

അവഗണനയാൽ അവളെ ചീന്തിയെറിഞ്ഞാലും,
മ്ലേച്ഛയെപ്പോൽ അവളെ പാടേ വെറുത്താലും,
ഈർഷ്യയാൽ അവളെ നിഷ്ഠൂരം നിന്ദിക്കിലും
പരിഭവമേതും തീണ്ടാതെ സുമുഖിയായ്, അവൾ...

അവൾ, എൻ മേനിയെ പൂർണ്ണമായ് ഗ്രഹിച്ചവൾ.
അവൾ, എൻ മനസ്സു കൊണ്ടമ്മാനമാടുവോൾ.
അവൾ, എൻ ആത്മത്തെ ശുദ്ധി ചെയ്യുന്നവൾ.
അവൾ... എൻ ഈശൻ... എൻ വേദന…

                                             - Divya Karunan

Friday, 14 February 2025

പ്രണയം

തെന്നലിൽ തെന്നിയുരുമ്മുന്ന പ്രണയം
വെൺമേഘമായ് ഒഴുകിയണയുന്ന പ്രണയം
മിന്നാമിന്നിയായ് മിന്നുന്ന പ്രണയം
പേമാരി പോൽ പെയ്തു വളരുന്ന പ്രണയം

മഞ്ഞുപോൽ തഴുകിത്തലോടുന്ന പ്രണയം
മൗനമായ് മനസ്സിലുണരുന്ന പ്രണയം
ഉള്ളിൽ കനലായെരിയുന്ന പ്രണയം
പ്രാണനിൽ കണ്ണീരായ് പൊഴിയുന്ന പ്രണയം
 
പ്രണയത്തിന്നനവധി ഭാവങ്ങളെങ്കിലും,
ഹൃദയത്തിൻ താളം അതൊന്നു മാത്രം

                                            - Divya Karunan

Saturday, 8 February 2025

മൗനം

മൗനം…
നിതാന്തമായ മൗനം…
നിഗൂഢഹൃത്തിൽ നിശ്ശബ്ദം
ശ്രുതിയായ് മാറുന്ന മൗനം...
പ്രണയത്തിൽ വാക്കുകൾ തൻ
ചടുലസംഗീതം - മൗനം...

മിഴിയിലെ മൗനം മൊഴിയിലും 
മൊഴിയിലെ മൗനം മിഴിയിലും 
ഈറനായ് പെയ്യവേ,
മനസ്സിൽ വിടരുന്ന മഴവില്ലിൽ 
ഏഴു നിറങ്ങൾക്കുമൊപ്പം 
മൗനത്തിൻ സപ്തവർണ്ണങ്ങൾ…

ഹൃദയരാഗവീണ മീട്ടവേ 
മൗനത്തിൻ ഭാവതരംഗങ്ങൾ...
പാഴ്ക്കിനാവിൻ പുല്ലാങ്കുഴലിൽ 
മൗനത്തിൻ തേനലകൾ…

മൗനത്താൽ ദീപ്തമാം  വീഥിയിൽ
മൗനത്തിൻ പൂർണ്ണമാം ഈ അനന്തതയിൽ
എന്തിനു വേറൊരു രാഗം...
വ്യർത്ഥമാം വിഷാദരാഗം?!

                                      - Divya Karunan

Friday, 31 January 2025

അറിവ്

സ്വപ്നത്തില്‍ ഞാനറിയുന്നു,
സ്വപ്നമാണ് സത്യം...

മൗനത്തില്‍ ഞാനറിയുന്നു,
മൗനമാണു വാചാലം...

ചോദ്യത്തില്‍ ഞാനറിയുന്നു,
ചോദ്യമാണ് ഉത്തരം...

സുഖത്തില്‍ ഞാനറിയുന്നു,
സുഖമാണ് ദുഃഖം...

പ്രശ്നത്തില്‍ ഞാനറിയുന്നു,
പ്രശ്നമാണ് പരിഹാരം...

ഒടുക്കം ഞാനറിയുന്നു,
ഒടുക്കമാണ് തുടക്കം...

ഈ അറിവില്‍ ഞാനറിയുന്നു,
അറിവാണ് അജ്ഞത...

                   - Divya Karunan

Sunday, 15 December 2024

യാത്ര

        ജന്മങ്ങളായി ഞാന്‍ നിന്നെ തേടുകയായിരുന്നു... ഒടുവില്‍ ഞാന്‍ നിന്നെ കണ്ടു. പിന്നെ ഞാന്‍ നിന്നിലെ നിന്നെ തേടിയലഞ്ഞു... പിന്നീടെപ്പോഴോ ഞാന്‍ മനസ്സിലാക്കി - ഞാന്‍ തേടിയിരുന്നത് നിന്നിലെ എന്നെ ആണ്... 

        ഇന്നും അന്വേഷണത്തിന്റെ ആ യാത്ര തുടരുന്നു... യാത്ര നീളും തോറും എന്നിലെ നിന്നെ ഞാന്‍ അറിയുന്നു... ഈ യാത്ര അനന്തമായി തുടരണേ എന്നാണ് എന്റെ പ്രാര്‍ത്ഥന. കാരണം, ഒരുപക്ഷേ നിന്നിലെ എന്നെ കണ്ടെത്തിക്കഴിഞ്ഞാല്‍ ഞാന്‍ എന്നിലെ നിന്നെ മറന്നു പോയാലോ?! എന്റെ ജീവിതയാത്ര നിന്നു പോയാലോ?!!

- Divya Karunan