പുലരിയിലെന്നും എൻ കൂടെ ഉണർന്ന്
എന്റെ മെയ് തഴുകി, വിലോലയായ്
മൃദുചുംബനങ്ങളാൽ എന്നെ വിലയിച്ചും,
എന്നിലണഞ്ഞും അലിഞ്ഞും, അവൾ...
അരികിലായ് നിന്നെൻ്റെ ചെയ്തികളെ നോക്കിയും
പ്രിയമില്ലെന്നാകിലോ ചെറുന്നുള്ളുകൾ നൽകിയും
അരുതെന്നു തോന്നിയാൽ താഡനമേകിയും
മധുരമാം സ്നേഹത്താൽ പുണരുന്നു, അവൾ...
അവഗണനയാൽ അവളെ ചീന്തിയെറിഞ്ഞാലും,
മ്ലേച്ഛയെപ്പോൽ അവളെ പാടേ വെറുത്താലും,
ഈർഷ്യയാൽ അവളെ നിഷ്ഠൂരം നിന്ദിക്കിലും
പരിഭവമേതും തീണ്ടാതെ സുമുഖിയായ്, അവൾ...
അവൾ, എൻ മേനിയെ പൂർണ്ണമായ് ഗ്രഹിച്ചവൾ.
അവൾ, എൻ മനസ്സു കൊണ്ടമ്മാനമാടുവോൾ.
അവൾ, എൻ ആത്മത്തെ ശുദ്ധി ചെയ്യുന്നവൾ.
അവൾ... എൻ ഈശൻ... എൻ വേദന…
- Divya Karunan
No comments:
Post a Comment